വെൽക്കം ടു സെൻട്രൽ ജയിൽ
സമൂഹ മാധ്യമങ്ങൾ എന്തൊക്കെ പറഞ്ഞ് വിമർശിച്ചാലും ദിലീപിന്റെ ഹാസ്യ സ്വഭാവമുള്ള ഒരു സിനിമയുടെ പോസ്റ്റർ കണ്ടാൽ ഒരു സാധാരണ സിനിമാ കുടുംബ പ്രേക്ഷകർ അതിന് ടിക്കറ്റെടുക്കും.വീട്ടു ജോലിയും ടിവി പരിപാടികളും കണ്ടതിനു ശേഷം സോഷ്യൽ മീഡിയയുടെ കപട ബുദ്ധിജീവി സദാചാര പോസ്റ്റുകൾ വായിക്കാൻ അവർക്ക് സമയമില്ല എന്നതാണ് അതിനുള്ള ഒരു കാരണം.
ട്രൈലെർ അത്ര സുഖമുള്ള ഒരെണ്ണം അല്ലായിരുന്നതിനാലും, ദിലീപ് നായകനാകുന്ന വാണിജ്യ സിനിമയുടെ പൊതു സ്വഭാവം കൊച്ചുകുട്ടികൾക്ക് പോലും ഊഹിക്കാവുന്നതും, സംവിധായകന്റെ നിലവാരത്തിലുള്ള അപ്രവചനീയതയും കാരണം ഒരുപിടി നല്ല തമാശപ്പടങ്ങൾക്ക് തിരക്കഥയെഴുതിയ തിരക്കഥാകൃത്തിന്റെ പുതിയ സിനിമ എന്നതായിരുന്നു വെൽക്കം റ്റു സെൻട്രൽ ജയിൽ കാണാൻ പ്രേരിപ്പിച്ച ആദ്യത്തെ കാര്യം. തിരക്കഥാകൃത്ത് അടുത്തിടെ നിരാശപ്പെടുത്തിയിരുന്നു എന്നത് വിസ്മരിക്കുന്നില്ല....
ആദ്യപകുതിയിൽ എങ്ങനെയെങ്കിലും ഒരു നായികയെ കണ്ട് ഇഷ്ട്ടപ്പെടൽ, അതിനു മുൻപ് കാൾ ഷീറ്റ് കിട്ടിയ എല്ലാ കോമഡിതാരങ്ങൾക്കും അവരവരുടെ കഴിവ് വെളിപ്പെടുത്താനുള്ള അവസരം, ഇന്റെർവെല്ലിന് തൊട്ടുമുൻപുള്ള സീനിൽ പ്രേക്ഷകരോട് നിങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരൂ രണ്ടാം പകുതിയിൽ ചെറിയൊരു കഥയും കൂടി ഈ സിനിമയിലുണ്ട് എന്ന് വിളിച്ചു പറയുന്ന രീതിയിലുള്ള ഒരു രംഗം, രണ്ടാം പകുതിയുടെ പകുതി ഭാഗം പിന്നെയും കുറച്ച് തമാശകൾ, അവസാനത്തെ അരമണിക്കൂറിൽ സിനിമയുടെ കഥ പറച്ചിൽ, നായികയുടെ ഫ്ലാഷ് ബാക് പ്രതിസന്ധി, നായകൻറെ സ്നേഹ-കായിക സംരക്ഷണം, വില്ലനെ കീഴ്പ്പെടുത്തൽ, പുതുജീവിതം...... ശുഭം......പതിവ് ദിലീപ് കച്ചവട സിനിമാ ഫോര്മാറ്റുകളിൽ ഒരെണ്ണമായ ഈ ഒരു ഐറ്റമാണ് പുതിയ ദിലീപ് ചിത്രത്തിലുള്ളത്.
ജയിലിൽ ജനിക്കുകയും മാതാപിതാക്കളുടെ ഓർമ്മ ''പുതുക്കാൻ'' ചെയ്യാത്ത കുറ്റം ആരോപിക്കപ്പെട്ട മറ്റ് പലരുടെയും ശിക്ഷ ഏറ്റെടുത്ത് ജയിലിൽ ''കഴിയാൻ'' വരുന്ന നായകനായി ദിലീപും, നായകന് പ്രേമിക്കാനുള്ള നായികയായി വേദികയും വേഷമിടുന്നു. പിന്നെ, എന്ത് വിലകൊടുത്തും പ്രേക്ഷരെ ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയിൽ ഒരു ലോഡ് ഹാസ്യ താരങ്ങളും കൂടി ഇതിൽ വേഷമിട്ടിരിക്കുന്നു.
കോമഡി ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ നല്ല റേഞ്ച് ഉള്ള തിരക്കഥാകൃത്ത് ജയിലിനുള്ളിലും കുറ്റവാളികൾക്കിടയിലുമായി തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മിക്കതും സാധാരണക്കാരായ പ്രേക്ഷകരെയും കുടുംബങ്ങളേയും നല്ല രീതിയിൽ എന്റെർറ്റൈൻ ചെയ്യിക്കും.
ദിലീപ് അവതരിപ്പിച്ച കോമഡി രംഗങ്ങൾ അദ്ദേഹത്തിന്റെ യഥാർത്ഥ ടൈമിംഗ് അറിയുന്നവർക്ക് അത്ര സംഭവമായി തോന്നില്ലെങ്കിലും ജയിലിനകത്ത് വെച്ച് സഹ തടവുകാരനോട് തലയിണയായി ഉപയോഗിക്കാൻ ബുക്ക് ചോദിക്കുന്നതും അനുബന്ധ രംഗങ്ങളും ദിലീപ് എന്ന ഹാസ്യ നായകൻറെ ''പഴമ''യുടെ പെരുമ വെളിപ്പെടുത്തും....
ഷറഫുദീൻ, അജു തുടങ്ങിയ വമ്പന്മാരുടെ ഡേറ്റ് കുറവായിരുന്നത് കൊണ്ടോ എന്തോ നന്നായി സ്കോർ ചെയ്യാനുള്ള അവസരം കിട്ടിയ കഥാപാത്രം അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഹരീഷ് പെരുമനക്കായിരുന്നു...തന്റേതായ ശൈലിയിൽ അദ്ദേഹം അത് വളരെ നന്നായി അവതരിപ്പിക്കുകയും കൈയ്യടി വാങ്ങുകയും ചെയ്തു.ഒരു പക്ഷെ കോമഡി ടൈമിങ്ങിന്റെ കാര്യത്തിൽ അദ്ദേഹം നായകനെക്കാൾ കുറച്ചു കൂടി നന്നായെന്ന് പറഞ്ഞാലും കൂടുതലാവില്ല. രഞ്ജി പണിക്കർ പതിവ് ''സ്നേഹനിധി പോലീസായി'' വേഷമിടുകയും വൃത്തിയായി ചെയ്ത് പണിയും കഴിഞ്ഞ് മടങ്ങുകയും ചെയ്തു.
പാട്ടും സംഗീതവുമൊക്കെ അവരവരുടെ ആസ്വാദനത്തെ ആശ്രയിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ വരാനാണ് സാധ്യത.ഛായാഗ്രഹണം നന്നായിരുന്നു.ചിത്ര സംയോജനവും നിലവാരമുള്ളതായിരുന്നു. സംവിധായകന് ഒരു തിരിച്ചു വരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാം.
മൊത്തത്തിൽ ഒരു വട്ടം പരീക്ഷിക്കാവുന്ന ചിരിപ്പടം
സമൂഹ മാധ്യമ ബുദ്ധിജീവികൾ അശ്ലീല ആരോപണങ്ങളുമായി വല്യേട്ടൻ കളിക്കാൻ വന്നില്ലെങ്കിൽ കൂടുതൽ സ്ത്രീ-കുടുംബ പ്രേക്ഷകർ ഈ ചിത്രം കാണാനെത്തും എന്ന് തന്നെ പ്രതീക്ഷിക്കാം....
റേറ്റിങ് 2.7 5 / 5 ഒരു ദിലീപ് വിനോദ ചിത്രം .....